തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ സനാതന ധർമത്തെ സംരക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ബോർഡ് വേണമെന്ന ആവശ്യവുമായി ജനസേന പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാൺ.
പവിത്രമായി കാണുന്ന തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ വളരെയധികം വേദനയുളവാക്കുന്നു. ഭാരതത്തിലെമ്പാടും ഇത്തരത്തിൽ സംസ്കാരത്തെയും പൈതൃകത്തെയും സനാതന ധർമ്മത്തെയും ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ ‘സനാതന ധർമ രക്ഷണ ബോർഡ്’ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതന ധർമ്മത്തെ ഏത് രൂപത്തിലായാലും അവഹേളിക്കുന്നത് അവസാനിപ്പിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പവൻ കല്യാൺ ആവശ്യപ്പെട്ടു.
വൈഎസ്ആർ കോൺഗ്രസ് നിയമിച്ച TTD ബോർഡ് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും ആന്ധ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. പിന്നാലെ ലാബ് റിപ്പോർട്ടുകളും ഇത് ശരിവയ്‌ക്കുകയായിരുന്നു. ലഡ്ഡു നിർമിക്കാനായി ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീനെണ്ണയും പാമോയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.