ന്യൂഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. കോടതി വ്യവഹാരങ്ങൾക്ക് പകരം ക്രിപ്റ്റോകറൻസി സംബന്ധിച്ച ഉള്ളടക്കങ്ങളുടെ വീഡിയോകൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പിൾ ലാബ്സ് വികസിപ്പിച്ച ക്രിപ്റ്റോകറൻസിയായ എക്സ്ആർപിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ഹാക്കർമാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള സുപ്രധാന കേസുകളുടെയും മറ്റ് പൊതുതാൽപ്പര്യ ഹർജികളുടെയും വാദങ്ങൾ തത്സമയം സ്ട്രീം ചെയ്യുന്നതിനാണ് ജൂഡീഷ്യറിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പൊതുവെ ഉപയോഗിക്കുന്നത്. അതിനിടെയാണ് ഹാക്കർമാർ ക്രിപ്റ്റോകറൻസി സംബന്ധിച്ച ഉള്ളടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും കോടതിയുടെ ഐടി സെൽ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് നിലവിൽ വിഷയം പരിശോധിക്കുന്നത്.















