ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശി റിന്‍സണ്‍ ജോസിന്റെ കമ്പനിക്കെതിരെയാണ് ബൾഗേറിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.
റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിൽ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്‌ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിലാണ് പേജറുകൾ നിർമിച്ചതെന്നാണ് റിപ്പോർട്ട്. പേജറുകളുമായി ബന്ധപ്പെട്ട 15 കോടിയുടെ പണമിടപാട് റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിലെ ജീവനക്കാരൻ കൂടിയാണ് റിൻസണ്‍. യുകെയിൽ ജോലി ചെയ്ത ശേഷമാണ് റിൻസൺ കുറച്ച് വർഷം മുൻപാണ് നോർവേയിലേക്ക് കുടിയേറിയത്.
നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയയിലെ സോഫിയ ആസ്ഥാനമായാണ് ഷെൽ കമ്പനിയുടെ പ്രവർത്തനം. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും റസിഡൻഷ്യൽ വിലാസത്തിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് സൂചന. പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്ന് വിവരം. പേജര്‍ സ്ഫോടനത്തെ കുറിച്ച് റിൻസണ് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്‍സണ്‍ എന്ന് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ പറയുന്നു.
തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളയുടെ ലോഗോയുള്ള പേജറുകളാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. . എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. പിന്നാലെയാണ് അന്വേഷണം നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റിഡിലേക്കും ബിഎസി കൺസൾട്ടിങ്ങിലേക്കും എത്തുന്നത്. പേജറുകള്‍ നിര്‍മിച്ച ആളുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ഷെൽ കമ്പനി വഴിയാണ് നീക്കം മുഴുവൻ നടത്തിയത്.