തൃശൂർ: തൃശൂർ പൂരം കലക്കൽ അന്വേഷിക്കാൻ സിബിഐ വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഢസംഘമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ
അന്വേഷണം നടന്നിട്ടുണ്ട്. അത് അട്ടിമറിച്ചോയെന്ന് മറ്റൊരു അന്വേഷണത്തിലെ അറിയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കിയതിനു പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ദേവസ്വം സെക്രട്ടറി പറഞ്ഞു. വിഷയത്തിൽ CBI അന്വേഷണം വേണം. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ആനയും ആളുകളും തമ്മിലുള്ള അകലം സംബന്ധിച്ച പ്രശ്നങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ദൂരപരിധിയുടെ കണക്കുകൾ പ്രായോഗികമായിരുന്നില്ല. 50 മീറ്റർ 6 മീറ്റർ ആക്കി. ഉത്തരവാദിത്തം പൊലീസിനായിരുന്നു. പൊലീസ് പേടിച്ചിട്ടാകാം ഒരുപക്ഷെ ഇങ്ങനെ ഒരു നിലപാടെടുത്തത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതിന്റെ തെളിവുകളുണ്ട്” അദ്ദേഹം പറഞ്ഞു.
പൂരം നടത്താതിരിക്കാൻ വിദേശ ശക്തികൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മറ്റെല്ലാം ശ്രദ്ധ തിരിച്ചുവിടാനുള്ള വഴികളാണ്. പൂരത്തിൽ രാഷ്‌ട്രീയമുണ്ടോ എന്ന് അന്വേഷിക്കണ്ട ആവശ്യം തങ്ങൾക്കില്ല. പാറമേക്കാവ് ആനകൾ ചെരിഞ്ഞപ്പോൾ കൊമ്പുകൾ ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് എടുത്തു വെച്ചുവെന്നും സ്വകാര്യ വ്യക്തിയുടെ ആന ചെരിഞ്ഞെപ്പോൾ കൊമ്പുകൾ നൽകിയെന്നും ദേവസ്വം സെക്രട്ടറി ആരോപിച്ചു.