പുരി: ഒഡീഷയിലെ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തുന്ന സാങ്കേതിക സർവേ നാളെ മുതൽ ആരംഭിക്കും.മൂന്ന് ദിവസത്തെക്കായി നിജപ്പെടുത്തിയിരിക്കുന്ന സർവ്വേ സെപ്തംബർ 23 വരെ സർവേ തുടരും . ഇതിനാൽ സെപ്തംബർ 21 മുതൽ സെപ്തംബർ 23 വരെയുള്ള ഈ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 1 മണിക്ക് ശേഷം ക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല.
ഈ മൂന്ന് ദിവസങ്ങളിലും എഎസ്ഐയുടെ സർവേ ഉച്ചയ്‌ക്ക് 2 മണിക്ക് ആരംഭിക്കും, വൈകിട്ട് 6 വരെ തുടരും എന്നാണ് ഔദ്യോഗിക അറിയിപ്പ്.
എല്ലാ ദിവസവും പരിശോധന പൂർത്തിയാകുന്നതുവരെ ഭക്തരെ ദർശനത്തിന് അനുവദിക്കില്ല.
സെപ്റ്റംബർ 24നകം സാങ്കേതിക സർവേ പൂർത്തിയാക്കണമെന്ന് ക്ഷേത്രം ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ് പാധി എഎസ്ഐ ഡയറക്ടർ ജനറലിന് കത്തെഴുതിയിരുന്നു . സെപ്തംബർ 24 മുതൽ ക്ഷേത്രത്തിൽ ദസറയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ അവശേഷിക്കുന്ന സർവേ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റർ കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ അംഗീകരിച്ച എസ്ഒപി പ്രകാരമായിരിക്കും പരിശോധന. അതിനാൽ ഈ മൂന്ന് ദിവസങ്ങളിലും മൂർത്തിയുടെ നിത്യസേവാപൂജ മുടങ്ങാതെ പരിശോധനയ്‌ക്ക് ആവശ്യമായ സമയം നൽകുന്നതിന് പ്രത്യേക സമയക്രമം തയ്യാറാക്കിയിട്ടുണ്ട്.
നാളെ മുതൽ ഉച്ചയ്‌ക്ക് 1 മണിക്ക് ശേഷം ഭക്തർക്ക് ദർശനം ലഭ്യമാകില്ലെങ്കിലും ഭക്തർക്ക് മഹാപ്രസാദം ലഭ്യമാകും.















