അമരാവതി: ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്. പരിശോധന നടത്തിയ പ്രസാദ സാമ്പിളുകളിൽ മായംകലർന്നതായി കണ്ടെത്തിയെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവു അറിയിച്ചു.
ഒരു നല്ല ലഡ്ഡുവെന്നത് പരിശുദ്ധമായ പശുവിൻ നെയ്യിൽ തയ്യാറാക്കിയതാണ്. അക്കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കും. നെയ്യ് വിതരണം ചെയ്തവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ശ്യാമള റാവു പറഞ്ഞു.
ശുദ്ധമായ നെയ്യ് ചെലവേറിയതാണ്. മുൻ ഭരണാധികാരികൾ ഉപയോഗിച്ചിരുന്നത് വിലകുറഞ്ഞ നെയ്യാണ്. വില കുറയുന്തോറും ഉത്പന്നത്തിന്റെ ഗുണമേന്മയും വിട്ടുവീഴ്ച ചെയ്യപ്പെടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും ട്രസ്റ്റ് അറിയിച്ചു.
പുതിയ സർക്കാരാണ് തന്നെ ഇവിടെ നിയോഗിച്ചത്. ഞാൻ ചുമതലയിൽ എത്തിയ ശേഷം ലഡ്ഡുവിനെക്കുറിച്ചും അതിൽ ഉപയോഗിച്ചിരിക്കുന്ന നെയ്യിനെക്കുറിച്ചും പലപ്പോഴായി പരാതി ലഭിച്ചിരുന്നു. നിരവധി ഭക്തജനങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിഷയം നേരിട്ടെത്തി ചൂണ്ടിക്കാട്ടി. നെയ്യിൽ മൃഗക്കൊഴുപ്പ് ചേർന്നിട്ടുണ്ടാകാമെന്ന കാര്യം ഭക്തരാണ് മുഖ്യമന്ത്രിയെ ആദ്യം ധരിപ്പിച്ചതെന്നും ജെ. ശ്യാമള റാവു അറിയിച്ചു.















