ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വേട്ടയാടുന്നത് തുടർന്ന് ബംഗ്ലാദേശ് സർക്കാർ. വിദ്യാർത്ഥികളെ മറയാക്കി വർഗീയ ശക്തികൾ നേതൃത്വം നൽകിയ അക്രമ സമരത്തെത്തുടർന്ന് ഓഗസ്റ്റ് 5 ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കഴിഞ്ഞ ഒന്നര മാസത്തിനിടെ 150 ലധികം കേസുകളാണ് ധാക്കയിൽ ഫയൽ ചെയ്തത്.ഇതിൽ 140 എണ്ണം കൊലപാതകക്കേസുകളാണ്, 10 എണ്ണം കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ്.
ധാക്കയിലെ 31 പോലീസ് സ്റ്റേഷനുകളിലായി രെജിസ്റ്റർ ചെയ്ത ഈ കേസുകൾ വിവിധ മജിസ്‌ട്രേറ്റ് കോടതികളിലാണ് ഫയൽ ചെയ്തിരിക്കുന്നത്.
ആഗസ്ത് 13 നാണ് ധാക്ക കോടതിയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആദ്യ കൊലപാതക കേസ് ഫയൽ ചെയ്തത്. ജൂലായ് 19 ന് ക്വാട്ട സമരത്തിനിടെ മുഹമ്മദ്പൂരിൽ പോലീസ് വെടിവെപ്പിൽ പലചരക്ക് കടയുടമ അബു സെയ്ദ് മരണമടഞ്ഞ സംഭവത്തിലാണ് ഷെയ്ഖ് ഹസീനയും പ്രതി ചേർക്കപ്പെട്ടത്. മുഹമ്മദ്പൂർ പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തത്.
അക്രമം നടത്തിയ വർഗീയ വാദികളെ നേരിടാൻ പോലീസും സൈന്യവും നടത്തിയ എല്ലാ നടപടികളിലും കേസുകൾ എടുക്കുകയും മിക്കവയിലും ഹസീനയെ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഹസീന സർക്കാരിലെ വിവിധ മന്ത്രിമാർക്കെതിരെയും കേസുകൾ രെജിസ്റ്റർ ചെയ്യുന്നതും ഏകപക്ഷീയമായി ജയിലിൽ അടക്കുന്നതും തുടരുകയാണ്.