ന്യൂഡൽഹി: ഗണേശോത്സവ വിവാദത്തിൽ കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗണേശപൂജയോട് കോൺഗ്രസ് പാർട്ടി വെറുപ്പ് വച്ചുപുലർത്തുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ വിശ്വാസത്തെയും സംസ്കാരത്തെയും ആത്മാർത്ഥമായി ബഹുമാനിക്കുന്ന ഒരുപാർട്ടിക്കും ഇങ്ങനെ ചെയ്യാനാകില്ലെന്നും മോദി പറഞ്ഞു. മഹാരാഷ്‌ട്രയിലെ വാർധയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരകാലത്ത് ലോകമാന്യ തിലകിന്റെ നേതൃത്വത്തിൽ നടത്തിയ ഗണേശോത്സവം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരുന്നു. മഹാരാഷ്‌ട്ര അതിന് സാക്ഷ്യം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ്. ദേശസ്നേഹത്തിന്റെ ആത്മാവ് പാർട്ടിയെ വിട്ടൊഴിഞ്ഞു. പകരം വെറുപ്പ് സ്ഥാനം പിടിച്ചു,” മോദി പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ ഭാഷ മാറിയെന്നും അവർ ഇപ്പോൾ വിദേശമണ്ണിൽ പോയി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമൂഹത്തെ വിഭജിക്കുകയും രാജ്യത്തെ തകർക്കുകയും ഇന്ത്യൻ സംസ്‌കാരത്തെയും വിശ്വാസത്തെയും അവഹേളിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.















