കൊച്ചി: മലയാള സിനിമയിൽ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വൈകിട്ട് ആറോടെയാണ് അന്ത്യം. 1960-കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ടോളം മലയാള സിനിമയിൽ സജീവമായിരുന്ന കവിയൂർ പൊന്നമ്മയെ തേടി നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തി.ആയിരത്തോളം സിനിമകളുടെ ഭാഗമായി.
1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും 1994ലും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടി. നാടകവേദികളിലെ പ്രതിഭ 1962-ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവട് വയ്‌ക്കുന്നത്. ഗായിക എന്ന നിലയിലും ശോഭിച്ച കവിയൂർ പൊന്നമ്മയ്‌ക്ക് മലയാളി ചാർത്തി നൽകിയ വിശേഷണമായിരുന്നു മലയാള സിനിമയുടെ അമ്മയെന്നത്.
നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു ഭർത്താവ്. 2011-ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്. പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്.















