ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളിയെ നൊമ്പരപ്പെടുത്തുന്നതാണ് നടി കവിയൂർ പൊന്നമ്മയുടെ വേർപാട്. അവരുടെ അമ്മ വേഷങ്ങളാൽ അത്രമാത്രം സമ്പന്നമാണ് മലയാള സിനിമ. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ തന്നെ അമ്മ മുഖമായി അവർ മാറിയിരുന്നു.
സിനിമാപ്രേമികൾ ഏറ്റവുമധികം ആസ്വദിച്ച ഒന്നായിരുന്നു നെടുമുടി വേണുവും കവിയൂർ പൊന്നമ്മയും തമ്മിലുള്ള കോംബോ. ഇരുവരുടെയും കെമിസ്ട്രി തീർത്തത് ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളായിരുന്നു. തേന്മാവിൻ കൊമ്പത്തിൽ സഹോദരി-സഹോദരന്മാരായി തിളങ്ങിയപ്പോൾ കാക്കകുയിൽ സിനിമയിൽ അന്ധരായ ഭാര്യഭർത്താക്കന്മാരായി അവർ നിറഞ്ഞാടി. ഒടുവിൽ അഭിനയിച്ച ‘ആണും പെണ്ണും’ എന്ന സിനിമ ആ ഹിറ്റ് കോംബോയെ വീണ്ടും കാണികൾക്ക് മുമ്പിലെത്തിച്ചു.
കവിയൂർ പൊന്നമ്മ അതുവരെ ചെയ്തതിൽ നിന്ന് ഏറ്റവും വേറിട്ട കഥാപാത്രമായിരുന്നു ആണും പെണ്ണും ചിത്രത്തിലേത്. 2021ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രായിരുന്നു ആണും പെണ്ണും. അതിൽ ആഷിംഖ് അബു സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ‘റാണി’യിലെ കിടപ്പിലായ സ്ത്രീയുടെ കഥാപാത്രത്തെയായിരുന്നു കവിയൂർ പൊന്നമ്മ സ്ക്രീനിലെത്തിച്ചത്. ഉണ്ണി ആറിന്റെ പെണ്ണും ചെറുക്കനും എന്ന കഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു ചിത്രം.
തുണിയില്ലാതെ കുറ്റിക്കാട്ടിൽ അകപ്പെടുന്ന കാമുകിയും കാമുകനും. ഇവരെ ഒളിഞ്ഞുനോക്കുന്ന വയോധികൻ. ചെറുക്കന്റെയും പെണ്ണിന്റെയും കുസൃതി കണ്ട് അവരുടെ വസ്ത്രം അടിച്ചുമാറ്റുന്ന ആ വയോധികന്റെ ഭാര്യയെയായിരുന്നു കവിയൂർ പൊന്നമ്മ അവതരിപ്പിച്ചത്. നെടുമുടി വേണു ചെയ്ത കഥാപാത്രത്തിന്റെ ഒളിഞ്ഞുനോട്ടവും അടിച്ചുമാറ്റലുമാണ് സിനിമയുടെ കാതൽ. തന്റെ ചെയ്തിയെക്കുറിച്ച് ഭാര്യയോട് പങ്കുവയ്‌ക്കുമ്പോൾ അത് ആസ്വദിച്ച് കേൾക്കുന്ന കഥാപാത്രമായിരുന്നു ആ സിനിമയിൽ കവിയൂർ പൊന്നമ്മ.
അതുവരെ ചെയ്തതെല്ലാം കാർക്കശ്യക്കാരിയായ അമ്മയോ അമ്മൂമ്മയോ, അല്ലെങ്കിൽ നന്മയുടെ നിറകുടമായ കുടുംബനാഥയോ ആയിരുന്നുവെങ്കിൽ അവസാനമായി ചെയ്തത് കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രം. ആണും പെണ്ണും എന്ന ചിത്രത്തിൽ കവിയൂർ പൊന്നമ്മയെ കണ്ട് ഓരോ പ്രേക്ഷകനും അത്ഭുതംകൂറിയെന്നതാണ് വാസ്തവം. അവസാന ചിത്രത്തിൽ വളരെ കുറച്ചുസമയം മാത്രമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും അവരുടെ നോട്ടവും ചിരിയും മറുപടികളും പ്രേക്ഷകനെ ഞെട്ടിക്കുന്നതായിരുന്നു.
അറിഞ്ഞോ അറിയതാതെയോ ഒരു ചട്ടക്കൂടിനുള്ളിൽ അകപ്പെട്ടുപോയ കരിയറായിരുന്നു കവിയൂർ പൊന്നമ്മയുടേത്. ആദ്യകാല ചിത്രങ്ങളൊഴിച്ചാൽ പിന്നീട് വന്നതെല്ലാം വാത്സ്യല്യനിധിയായ സഹോദരിയും അമ്മയും മുത്തശ്ശിയുമൊക്കെയായിരുന്നു. എന്നാൽ ആണും പെണ്ണും ചിത്രത്തിലെ സുമതി എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെ അവതരിപ്പിച്ച് അവിടെയും പ്രേക്ഷകനെ അമ്പരപ്പിക്കുകയായിരുന്നു കവിയൂർ പൊന്നമ്മയെന്ന പ്രതിഭ.