” ഉണ്ണീ.. എന്റെ ഉണ്ണിയെ കണ്ടോ? എന്റെ ഉണ്ണി എവിടെയാ… ചിത്തഭ്രമം ബാധിച്ച ഭഗീരഥി തമ്പുരാട്ടിയായി കവിയൂർ പൊന്നമ്മ പകർന്നാടിയപ്പോൾ അവർ ആകെ ആ സിനിമയിൽ പറഞ്ഞ രണ്ടു ഡയലോഗുകൾ മലയാളി ഏറ്റെടുത്തു. കളിയായും കാര്യമായും പിന്നീട് പുതിയ തലമുറ ട്രോളായും പൊന്നമ്മയുടെ ആ ഡയലോഗുകൾ പലകുറി എടുത്തുപപയോഗിച്ചു. പഴകുംതോറും വീഞ്ഞിന് വീര്യമേറുമെന്ന പോലെ തലമുറകൾ താണ്ടുന്നൊരു ഡയലോഗായി അത് താദാത്മ്യം പ്രാപിച്ചു.
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1990-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹിസ് ഹൈനസ്സ് അബ്ദുള്ള. സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന ചിത്രം ബോക്സോഫീസിൽ തരംഗമായി.പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. എന്നാൽ വർഷങ്ങൾ കഴിയുംതോറും ഈ ഡയലോഗുകൾക്ക് വീണ്ടും പ്രാചാരം ലഭിക്കുന്നു എന്നത് മറ്റൊരു കൗതുകം.
ചിത്രത്തിൽ ഉദയവർമ്മ തമ്പുരാനായി നെടുമുടി ജീവിച്ചുകാട്ടി. തമ്പുരാന്റെ ഭാര്യ ഭാഗീരഥി തമ്പുരാട്ടിയായി കവിയൂർ പൊന്നമ്മയുടെ പ്രകടനം അമ്മയുടെ സ്നേഹത്തെ അടയാളപ്പെടുത്തുന്നു. മകൻ ഉണ്ണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിഷാദ രോഗത്തിലാണ്ട തമ്പുരാട്ടിയായി പൊന്നമ്മ ഏറെ വേറിട്ട വേഷമാണ് മോഹൻലാൽ ചിത്രത്തിൽ കൈകാര്യം ചെയ്തത്.















