മലയാള സിനിമയുടെ ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത അമ്മ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് കവിയൂർ പൊന്നമ്മ.1962 മുതൽ സിനിമയിൽ സജീവമായ പൊന്നമ്മ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1964 ൽ ഇറങ്ങിയ ‘കുടുംബിനി’ എന്ന ചിത്രത്തിലെ അമ്മ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് 60 വർഷം നീണ്ട കലാജീവിതത്തിൽ മലയാള സിനിമയിലെ അതികായന്മാരിൽ പലരുടെയും അമ്മയായി വേഷമിട്ടു.
നായികാ വേഷങ്ങൾ ചെയ്യേണ്ട വയസിലും അമ്മ വേഷങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ അവർക്കായി.1965ൽ പുറത്തിറങ്ങിയ ‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയിൽ തന്റെ 20-ാം വയസിലാണ് അവർ സത്യന്റേയും മധുവിന്റെയും അമ്മയായി അഭിനയിച്ചത്. മലയാളികളുടെ അമ്മ സങ്കല്പത്തിന്റെ പൂർണതയിലെത്തിച്ച നടിയായിരുന്നു പൊന്നമ്മ.
1973 ൽ ‘പെരിയാർ’ എന്ന ചിത്രത്തിൽ പൊന്നമ്മയുടെ മകനായി അഭിനയിച്ചത് തിലകനായിരുന്നു. പിൽക്കാലത്ത് പൊന്നമ്മയുടെ ജോഡിയായും തിലകൻ ഏറെ ശ്രദ്ധനേടി. പൊന്നമ്മയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട 1987ൽ ഇറങ്ങിയ ‘തനിയാവർത്തനം.’ബാലന്‍ മാഷിന് അമ്മ വിഷമൊഴിച്ച ചോറ് ഉരുട്ടി നല്‍കുന്ന രംഗം അത്രപെട്ടെന്ന് മലയാളിയുടെ മനസിൽ നിന്നും മായില്ല. കിരീടമുൾപ്പെടെ പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയ ഒത്തിരി അമ്മ കഥാപാത്രങ്ങൾ. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മ. അതായിരുന്നു മലയാളിക്ക് പൊന്നമ്മ. മോഹൻലാലിന്റെ അമ്മ വേഷങ്ങൾ പൊന്നമ്മയ്‍ക്ക് പ്രേക്ഷക മനസ്സിൽ പകരം വെക്കാനാവാത്തതൊരിടം ഒരുക്കി നൽകി.
ഭാരതം, വാത്സല്യം, സന്ദേശം തുടങ്ങിയ സിനിമകളിലെ അമ്മ കഥാപാത്രങ്ങൾ, കിരീടം, ചെങ്കോൽ സിനിമകളിലെ സേതുമാധവന്റെ അമ്മ, നന്ദനത്തിലെ ‘ഉണ്ണിയമ്മ’, ബാബാകല്യാണിയിലെ മീനാക്ഷിയമ്മ, പട്ടണത്തിൽ സുന്ദരനിലെ ഭവാനിയമ്മ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഭഗീരഥിയമ്മ, തുടങ്ങി വ്യത്യസ്തങ്ങളായ അമ്മ കഥാപാത്രങ്ങളെ അവർ അഭ്രപാളിയിലെത്തിച്ചു. 2021ൽ പുറത്തിറങ്ങിയ ‘ആണും പെണ്ണും’ സിനിമയിലെ ‘സുമതിയമ്മ’ എന്ന കഥാപാത്രത്തിനാണ് അവസാനമായി കവിയൂർ പൊന്നമ്മ ജീവൻ പകർന്നത്. നെറ്റിയിൽ വട്ടപ്പൊട്ടും സാരിയും ചുറ്റി മുഖത്ത് വാത്സല്യം തുളുമ്പി നിൽക്കുന്ന ചിരിയുമായി പ്രേക്ഷക മനസ്സ് കീഴടക്കിയ നടി. മലയാളികൾ മറക്കാത്ത നിത്യഹരിതമായ ഒരുപിടി ‘അമ്മ കഥാപാത്രങ്ങൾ സമ്മാനിച്ചാണ് പൊന്നമ്മ മടങ്ങുന്നത്.