കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടി നവ്യാ നായർ. അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടാണ് നവ്യയുടെ കുറിപ്പ്. അവസാന നിമിഷങ്ങളിൽ കാണാൻ സാധിക്കാത്തതിൽ കുറ്റബോധം ഉണ്ടെന്നും തീർത്താൽ തീരാത്ത വേദന തോന്നുന്നുവെന്നും നവ്യ പറഞ്ഞു.
“വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ”.
“എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും, എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ. കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ”-നവ്യ നായർ ഫേസ്ബുക്കിൽ കുറിച്ചു.