ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വെള്ളിയാഴ്ച ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റിഷഭ് ചൗധരി, ഭാനു പ്രതാപ് സിംഗ്,മിത്രവിന്ദ കരൻവാൾ,അമൻ കപാസിയ എന്നിവർ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പദവികളിലേക്ക് എബിവിപി പാനലിൽ മത്സരിക്കും.
ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും വിദ്യാർത്ഥികളുടെ സമഗ്രവികസനം ഉറപ്പുവരുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉദാത്തമായ പങ്ക് വഹിച്ചിട്ടുള്ള എബിവിപി ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.
പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം ത്വരിതഗതിയിൽ ആരംഭിക്കുക, വിദ്യാർത്ഥിനികൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ, വിവിധ കോഴ്സുകൾക്ക് ഏകീകൃത ഫീസ് ഘടന നിശ്ചയിക്കുക എന്നിങ്ങനെയുള്ള നിരവധി ആവശ്യങ്ങൾ ആദ്യഘട്ട പ്രചാരണത്തിൽ എബിവിപി മുന്നോട്ട് വച്ചു. തെരഞ്ഞെടുപ്പ് വിജയിച്ച് വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രതിസന്ധികൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും എബിവിപി അറിയിച്ചു.
എബിവിപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയൻ കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട് എന്നും അവരുടെ സമഗ്ര വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു.















