കൊളംബോ: ദ്വീപ് രാഷ്‌ട്രമായ ശ്രീലങ്കയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി സെപ്റ്റംബർ 21 ശനിയാഴ്ച (ഇന്ന് ) നടക്കും.
2022 ൽ രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിന് ഏറെ നിർണായകമാണ്. 17 ദശലക്ഷത്തിലധികം ശ്രീലങ്കക്കാരായിരിക്കും അവരുടെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യുക. 2019 ലെ അവസാനത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 83.72% പോളിംഗ് രേഖപ്പെടുത്തി.
ഇപ്പോഴത്തെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് പ്രധാനമത്സരാർഥി.സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കുറെയേറെ കരകയറ്റാനായെന്ന അവകാശവാദവുമായാണ് റനിൽ വിക്രമസിംഗെ മത്സരിക്കുന്നത്. 2022-ലെ സാമ്പത്തിക പ്രതിസന്ധിയിൽ ഉണ്ടായ ആഭ്യന്തരകലാപത്തെത്തുടർന്ന് അന്നത്തെ പ്രസിഡന്റായിരുന്ന ഗോതബയ രജപക്സെ നാടുവിട്ടതോടെയാണ് വിക്രമസിംഗെ പ്രസിഡന്റായത്.
“പുലുവാൻ ശ്രീലങ്ക” അല്ലെങ്കിൽ “ശ്രീലങ്കയ്‌ക്ക് കഴിയും” എന്ന മുദ്രാവാക്യവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റിയ സന്ദേശവും ഉയർത്തിയാണ് വിക്രമസിംഗെ പ്രചാരണം നടത്തുന്നത്.യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ(യു.എൻ.പി.) നേതാവും അഭിഭാഷകനുമായ വിക്രമസിംഗെ ആറുവട്ടം ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. നിലവിൽ ഒരുസീറ്റാണ് പാർലമെന്റിൽ വിക്രമസിംഗെയുടെ പാർട്ടിക്കുള്ളത്.

മാർക്സിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയിൽ (ജെവിപി) നിന്നുള്ള അനുറ കുമാര ദിസ്സനായകെയാണ് പ്രധാന എതിരാളി. മുൻ പ്രസിഡൻ്റ് രണസിംഗെ പ്രേമദാസയുടെ മകനായ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും കടുത്ത മത്സരവുമായി രംഗത്തുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 38 വയസ്സുള്ള SLPP-യിൽ നിന്നുള്ള നമൽ രാജപക്‌സെയാണ്, രാജ്യത്തിന്റെ പ്രസിഡൻ്റും പ്രധാനമന്ത്രിയും ആയി സേവനമനുഷ്ഠിച്ച മഹിന്ദ രാജപക്‌സെയുടെ മൂത്ത മകനാണ് അദ്ദേഹം, അദ്ദേഹം 2020 മുതൽ 2022 വരെ യുവജന കായിക മന്ത്രിയായിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ ആകെ 38 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.തുടക്കത്തിൽ സ്ഥാനാർത്ഥികളുടെ എണ്ണം 39 ആയിരുന്നു . ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ഇദ്രൂസ് മുഹമ്മദ് ഇല്യാസ് ഓഗസ്റ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.
മുൻഗണനാ വോട്ടിംഗ് സമ്പ്രദായമാണ് ശ്രീലങ്ക പിന്തുടരുന്നത്. വിജയിയായി പ്രഖ്യാപിക്കാൻ ഒരു സ്ഥാനാർത്ഥി 50% വോട്ട് നേടിയിരിക്കണം. ബാലറ്റിൽ വോട്ടർമാർക്ക് മൂന്ന് മുൻഗണനകൾ തെരഞ്ഞെടുക്കാം. ത്രിതല മത്സരത്തിൽ ഒരു സ്ഥാനാർത്ഥിയും 50% എത്താത്ത സാഹചര്യത്തിൽ, വിജയിയെ തിരഞ്ഞെടുക്കാൻ ആദ്യ രണ്ട് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന മുൻഗണനാ വോട്ടുകളെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വോട്ടെണ്ണൽ ഉപയോഗിക്കും.ഫലം ഞായറാഴ്ചയോടെ അറിയാം.















