മലയാളത്തിന്റെ സ്വന്തം അമ്മ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യർ. ഒരു സിനിമയിൽ പോലും കവിയൂർ പൊന്നമ്മച്ചേച്ചിയുടെ മകളായി അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും, പലയിടങ്ങളിൽ വച്ചുള്ള കൂടിക്കാഴ്ചകളിലും ആ സ്‌നേഹം അടുത്തറിഞ്ഞിട്ടുള്ള ആളാണ് താനെന്ന് മഞ്ജു വാര്യർ പറയുന്നു.
” ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് കാണുന്നവരെ മുഴുവൻ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. വീട്ടുമുറ്റത്ത് നിന്നോ അടുക്കളയിൽ നിന്നോ പൂജാമുറിയിൽ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാൾ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോൾ. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാർഥത്തിൽ അത് അഭിനയമായിരുന്നില്ല, ഒരമ്മയുടെ പെരുമാറ്റമായിരുന്നു.
പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളിൽ നമ്മൾ സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാർ പോകുമ്പോൾ മക്കൾ അനാഥാരാകുമെന്നും” മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം,
ഞാൻ പലപ്പോഴും ഓർത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയിൽ കവിയൂർ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയിൽപ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയിൽ അമ്മയെന്നാൽ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവർ അപൂർവം. അതിലൊരാളാണ് ഞാൻ. സിനിമയിൽ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!
അതുകൊണ്ടുതന്നെ എന്റെ ഓർമയിൽ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളിൽ വച്ചുള്ള കൂടിക്കാഴ്ചകളിൽ ഞാൻ ആ അമ്മമനസ്സിലെ സ്നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂർ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളിൽ പൊന്നമ്മച്ചേച്ചിയെ ഓർമിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കൺമുന്നിൽ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,പലവട്ടം.
കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയിൽ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കിൽ എന്ന് കാണുന്നവരെ മുഴുവൻ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയിൽ നിന്നോ പൂജാമുറിയിൽ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാൾ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോൾ. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാർഥത്തിൽ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.
പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളിൽ നമ്മൾ സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാർ പോകുമ്പോൾ മക്കൾ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.