ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയുടെ പുരോഗതിക്കും, വികസനത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്ന പ്രധാന ശക്തിയായി ക്വാഡ് ഉയർന്ന് വന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഡെലവെയറിലെ വിൽമിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.
” ക്വാഡ് ഉച്ചകോടിയിൽ എന്റെ സഹപ്രവർത്തകരായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവരോടൊപ്പം കൂടിക്കാഴ്ച നടത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ള രാഷ്‌ട്രങ്ങളുടെ കൂട്ടായ്മയായി ക്വാഡ് സഖ്യം ഉയർന്ന് വന്നു കഴിഞ്ഞതായും” പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ക്വാഡ് ഉച്ചകോടിയിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയതിലെ പുരോഗതി നേതാക്കൾ വിശകലനം ചെയ്യും.
ജോ ബൈഡനുമായി നടത്താൻ പോകുന്ന കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി ബന്ധം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടിക്കാഴ്ച സഹായിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് ഇത് ശക്തിപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസിലെ ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ വ്യവസായ പ്രമുഖന്മാരുമായും നടത്താനിരിക്കുന്ന ആശയവിനിമയത്തെ കുറിച്ചും പ്രധാനമന്ത്രി പ്രതീക്ഷകൾ പങ്കുവച്ചു.
അന്താരാഷ്‌ട്ര സമൂഹത്തിന് ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള അവസരമെന്നാണ് യുഎൻ ജനറൽ അസംബ്ലിയുടെ ‘ദ സമ്മിറ്റ് ഓഫ് ദ ഫ്യൂച്ചർ’ ഉച്ചകോടിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമെ യുഎൻ ജനറൽ അസംബ്ലിയേയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. എഐ, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.















