ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്‌ക്കായി ഭാരത് ഗൗരവ് ട്രെയിൻ സർവീസ് ആരംഭിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ്ഓഫ് ചെയ്തു.
ഇന്ത്യൻ സംസ്കാരം നേരിട്ട് കണ്ടറിഞ്ഞ് മനസിലാക്കാൻ ആളുകൾക്ക് അവസരം നൽകുകയാണ് റെയിൽവേയുടെ ലക്ഷ്യം. ഈ പ്രത്യേക ട്രെയിൻ അയോദ്ധ്യ, സീതാമർഹി, ജനക്പൂർ, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നിവയുൾപ്പെടെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.
ഇന്ത്യയുടെയും നേപ്പാളിന്റെയും ഏറ്റവും മികച്ച സാംസ്കാരിക പൈതൃകം അനുഭവിക്കാൻ ഭാരത് ഗൗരവ് യാത്രയിലൂടെ സഞ്ചാരികൾക്ക് കഴിയും. താമസത്തിനും യാത്രയ്‌ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും റെയിൽവേ ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 നവംബറിൽ കേന്ദ്ര സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്” പദ്ധതിക്ക് കീഴിലാണ് “ഭാരത് ഗൗരവ് ട്രെയിനുകൾ” ആരംഭിച്ചത്. ഈ ട്രെയിനുകൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉയർത്തിക്കാട്ടാനും ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് സുപ്രധാന ചരിത്ര സ്ഥലങ്ങൾ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. 2022 ജനുവരിയിലാണ് ‘ഭാരത് ഗൗരവ്’ പദ്ധതിക്ക് കീഴിലുള്ള ആദ്യ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത്.
അവശ്യഘട്ടങ്ങളിലെ വൈദ്യസഹായം ഉൾപ്പെടെ വിവിധ സേവനങ്ങൾ ഈ ട്രെയിനുകളിൽ ലഭ്യമാണ്. സുഖപ്രദമായ ട്രെയിൻ യാത്രയ്‌ക്കും അനുബന്ധ ഓൺബോർഡ് സേവനങ്ങൾക്കും പുറമേ, യാത്രകൾ, ഓഫ് ബോർഡ് യാത്രകൾ, ബസ് വഴിയുള്ള ഉല്ലാസയാത്രകൾ, ഹോട്ടൽ താമസസൗകര്യങ്ങൾ, ടൂർ ഗൈഡുകൾ, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ടൂർ പാക്കേജുകളായി യാത്രകൾ ക്രമീകരിച്ചിരിക്കുന്നു.















