ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്‌ക്ക് ശേഷം 4.30ന് രാജ്‌നിവാസിലാണ് അതിഷിയുടേയും മന്ത്രിസഭാംഗങ്ങളുടേയും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നിയമിക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അനുമതി ലഭിച്ചെന്നും, അരവിന്ദ് കെജ്‌രിവാളിന്റെ രാജി സ്വീകരിച്ചതായും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ച് മന്ത്രിമാരുടെ നിയമനത്തിനും രാഷ്‌ട്രപതി അനുമതി നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആം ആദ്മി അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തുടർന്ന് അന്ന് വൈകുന്നേരം തന്നെ കെജ്‌രിവാൾ ലെഫ്.ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. പുതിയ മന്ത്രിസഭയിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, ആദ്യമായി എംഎൽഎ സ്ഥാനത്തെത്തുന്ന മുകേഷ് അഹ്ലാവത്ത് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ മുകേഷ് ഒഴികെയുള്ള നാല് പേരും കെജ്‌രിവാൾ സർക്കാരിലെ മന്ത്രിമാരായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ 7 പേരാണ് മുൻ സർക്കാരിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ സത്യേന്ദർ ജെയിനും, മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതോടെ മനീഷ് സിസോദിയയും രാജിവച്ച് ഒഴിയുകയായിരുന്നു. പിന്നാലെ അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിസഭയിൽ അംഗങ്ങളായി. ഇതിനിടെ മന്ത്രിസഭാംഗമായ രാജ്കുമാർ ആനന്ദ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം രാജിവച്ച് മത്സരിച്ചിരുന്നു. രാജ്കുമാർ രാജിവച്ച ഒഴിവിലേക്കാണ് മുകേഷ് എത്തുന്നത്.















