കൊൽക്കത്ത: 42 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിൽ ബംഗാളിലെ വിവിധ സർക്കാർ ആശുപത്രികളിൽ തിരികെ ജോലിയിൽ പ്രവേശിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ജോലി നിർത്തിവച്ച് സമരം ആരംഭിച്ചത്.
അതേസമയം അടിയന്തര-അവശ്യ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ മാത്രമാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാവുകയുള്ളു. ഒപി ബഹിഷ്‌കരണം തുടരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കപ്പെടാത്ത പക്ഷം പ്രതിഷേധ സമരങ്ങൾ മുഴുവനായി നിർത്തിവയ്‌ക്കില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ” ഇന്ന് മുതൽ ഞങ്ങൾ വീണ്ടും തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. രാവിലെ മുതൽ തന്നെ ഓരോരുത്തരും അതത് ഡിപ്പാർട്‌മെന്റുകളിലെ അത്യാഹിത വിഭാഗങ്ങളിൽ ഉൾപ്പെടെ സേവനം നൽകി തുടങ്ങി.
എന്നാൽ ഒപി സേവനം ബഹിഷ്‌കരിക്കുന്നത് തുടരും. ഭാഗികമായി മാത്രമാണ് ഞങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നതെന്നും” പ്രതിഷേധക്കാരിലൊരാളായ അനികേത് മഹന്തോ പറഞ്ഞു. സംസ്ഥാനത്ത് വെള്ളപ്പൊക്കം ബാധിച്ച ഇടങ്ങളിൽ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ജൂനിയർ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരം വെള്ളപ്പൊക്ക ബാധിത മേഖലകളിലെ അഭയ ക്ലിനിക്കുകളിൽ സേവനം നൽകുന്നതിനായി മറ്റൊരു വിഭാഗവും പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയെ മാറ്റുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഏഴ് ദിവസം കാത്തിരിക്കണമെന്ന് ചർച്ചയ്‌ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പിലാകാത്ത പക്ഷം നിർത്തിവച്ച സമരം വീണ്ടും ആരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.















