കൊൽക്കത്ത: ജാർഖണ്ഡിലും ബംഗാളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന മമത ബാനർജിയുടെ വാദത്തിൽ വിശദീകരണം തേടി ഗവർണർ സിവി ആനന്ദ ബോസ്. ജാർഖണ്ഡിനെ രക്ഷിക്കാനായി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് മമത അന്തർ സംസ്ഥാന അതിർത്തികൾ അടച്ചിടാൻ നിർദേശം നൽകിയത്. എന്നാൽ ആർട്ടിക്കിൾ 167 പ്രകാരം സംഭവത്തിൽ വിശദീകരണം നൽകണമെന്ന് സിവി ആനന്ദ ബോസ് ആവശ്യപ്പെട്ടു.
അതിർത്തി അടച്ചിട്ടതിനെ തുടർന്ന് പലചരക്ക് വാഹനങ്ങളും മറ്റ് ചരക്ക് ലോറികളും കുടുങ്ങി കിടന്നു. ഇത് ഗതാഗത തടസത്തിനും ജനജീവിതം വഴിമുട്ടിക്കുന്നതിനും വഴിവച്ചെന്നും ആനന്ദ ബോസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ വ്യക്തമായ കാരണം കാണിച്ച് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് സംസ്ഥാനങ്ങളോടും രണ്ട് തരത്തിലാണ് ദാമോദർ വാലി കോർപ്പറേഷന്റെ സമീപനമെന്നാണ് മമതയുടെ വാദം. ജാർഖണ്ഡ് സുരക്ഷിതമാക്കുന്നതിനായി ബംഗാളിലേക്ക് വെള്ളം ഒഴുക്കി വിടുകയാണെന്നും മമത ആരോപിച്ചു.
അയൽ സംസ്ഥാനത്തെ അണക്കെട്ടിൽ നിന്ന് എത്രത്തോളം വെള്ളം തുറന്നുവിടുന്നുണ്ടെന്ന് കാണിച്ചുള്ള വിശദാംശങ്ങൾ അധികൃതർ കൈമാറിയിട്ടില്ലെന്നും മമത ആരോപിച്ചിരുന്നു. മനുഷ്യ നിർമിതമായ പ്രളയമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ അതിർത്തികൾ അടച്ചിടാൻ നൽകിയ നിർദേശം ജനജീവിതം സ്തംഭിപ്പിക്കുന്നതാണെന്നും സംഭവത്തിൽ പരിഹാരം കാണണമെന്നും സിവി ആനന്ദ ബോസ് വ്യക്തമാക്കി.















