ആലപ്പുഴ: സഹപ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ പിടിയിൽ. തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശ്രീകണ്ഠൻ (54) ആണ് പിടിയിലായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിലായിരുന്നു സംഭവം.
സഹപ്രവർത്തക ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് പ്രതി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. അടുത്തുള്ള പുരുഷന്മാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയ്‌ക്ക് സമീപമായി ഫോൺ ഇരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഇവർ വിവരങ്ങൾ ഡോക്കിലെ മെക്കാനിക്കൽ എഞ്ചിനീയറോട് പറയുകയും ചെയ്തു.
തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും ഫോണുകൾ പരിശോധിച്ചു. ഇതിൽ ശ്രീകണ്ഠന്റെ ഫോണിൽ നിന്നും വീഡിയോ ലഭിച്ചു. ഇതോടെ ജീവനക്കാർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.















