സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കാണുകയാണ്. കാർബൺ ബഹിർഗമനം കുറച്ച് ഗ്രീൻ എനർജി പ്രോത്സാഹിപ്പിക്കാനായുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ ഗുജറാത്താണെന്ന് നിസംശയം പറയാം. ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പ്രയാണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
2030-ഓടെ 500 ജിഗാവാട്ട് സൗരോർജ്ജ ഉത്പാദനമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് ഗുജറാത്ത്. സർക്കാർ കെട്ടിടങ്ങളിലും വീടുകളിലും സോളാർ പാനലുകൾ മുതൽ ഏക്കറു കണക്കിന് നീണ്ട് കിടക്കുന്ന സോളാർ പാർക്കുകൾ വരെയാണ് ഭാവി പദ്ധതിയിലുള്ളത്. നിലവിൽ ഗുജറാത്ത് 28 ജിഗാവാട്ടിലേറെ പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 14.5 ജിഗാവാട്ട് സൗരോർജ്ജമാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡിന്റെ എംഡി ജയ്പ്രകാശ് ശിവഹാരെ പറഞ്ഞു.
പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിലും ഗുജറാത്താണ് മുൻപിൽ. രാജ്യത്തെ മൊത്തം സോളാർ റൂഫ്ടോപ്പുകളിൽ പകുതിയിലധികവും ഗുജറാത്തിലാണ്. ഗ്രീൻ എനർജി സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്ലാന്റാണ് ഖവ്ദയിലെ അദാനി ഗ്രീൻ എനർജി പ്ലാന്റ്. പാരിസ് നഗരത്തിന്റെ അഞ്ചിരട്ടി വലുപ്പമാണ് പ്ലാൻ്റിനുള്ളത്. നിലവിൽ 2,000 മെഗാവാട്ട് സോളാർ എനർജിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 2029-ഓടെ 7.50 കോടി സോളാർ പ്ലാൻ്റുകൾ സ്ഥാപിച്ച് 45,000 മെഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
5,000 ഏക്കറിൽ വിശാലമായി കിടക്കുന്ന മറ്റൊരു പദ്ധതിയാണ് പഠാൻ ജില്ലയിലെ ചരങ്ക സോളാർ പാർക്ക്. ഏഷ്യയിലെ തന്നെ മികച്ച സോളാർ പ്ലാന്റെന്ന ഖ്യാതിയും ഇതിനുണ്ട്. 600 മെഗാവാട്ട് ശേഷിയാണ് പാർക്കിനുള്ളത്. പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് നിരവധി തൊഴിലവസരങ്ങളാണ് പദ്ധതി വഴി സൃഷ്ടിക്കപ്പെട്ടത്. സൗരോർജ്ജത്തിന് പുറമേ പുനരുപയോഗിക്കാവുന്ന ഊർജ്ജ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഗുജറാത്ത് ലക്ഷ്യം വയ്‌ക്കുന്നത്. ലോകത്തിന് തന്നെ ഗുജറാത്ത് മാതൃകയാവുകയാണ്.