തിരുവനന്തപുരം: കടയിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമായ വെള്ളനാട് ശശി പിടിയിൽ. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയുടെ മുന്നിൽ സ്ഥാപിച്ച ‘ ഊണ് റെഡി’ എന്ന ബോർഡ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അരുൺ എന്നയാളുടെ കടയിലായിരുന്നു സംഭവം. കടയുടെ മുന്നിൽ നിന്ന് ബോർഡ് എടുത്തു മാറ്റണമെന്ന് ശശി അരുണിന്റെ അമ്മയോടും ഭാര്യയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറായില്ലെന്നാരോപിച്ച് ശശി ഇവരോട് തട്ടിക്കയറി. ശശി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ അരുണിന്റെ എട്ട് വയസുകാരൻ മകൻ ഫോണിൽ പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ശശി കുട്ടിയെ മർദ്ദിച്ചു. ശശിയുടെ അടിയേറ്റ കുട്ടി വേദനിച്ചു കരയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കുട്ടി കരഞ്ഞതോടെ, അരുണിന്റെ അമ്മയും ഭാര്യയും ബഹളം വയ്ക്കുകയും ശശിയുടെ സ്കൂട്ടറിന്റെ താക്കോൽ എടുക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സിപിഎം നേതാവ് സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്ന് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.















