അഹമ്മദാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കലർന്നതായി കണ്ടെത്തിയതിന് പിന്നാലെ പ്രസിദ്ധ ഡയറി കമ്പനിയായ അമുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തത് ‘അമുൽ’ ആണെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന ആരോപണങ്ങൾ. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അമുൽ പ്രതികരിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ അഹമ്മദാബാദിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ അമുൽ പരാതി നൽകി.
അമുലിന്റെ പേരും പ്രശസ്തിയും തകർക്കുന്ന വിധത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിക്കപ്പെടുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരുപ്പതി ദേവസ്ഥാനത്തേക്ക് അമുൽ ഇതുവരെ നെയ്യ് വിതരണം ചെയ്തിട്ടില്ല. ഈ വിവാദത്തിലേക്ക് അമുലിനെ വലിച്ചിട്ട് കമ്പനിയുടെ പ്രതിച്ഛായ തകർക്കുകയാണ് പലരുടെയും ഉദ്ദേശ്യമെന്നും ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എംഡി ജയൻ മെഹ്ത പ്രതികരിച്ചു.
3.6 മില്യൺ കർഷക കുടുംബങ്ങളുടേതാണ് അമുൽ. തെറ്റായ പ്രൊപ്പഗണ്ട പരത്തുന്നത് നിരവധി ക്ഷീരകർഷകരുടെ ജീവിതമാർഗത്തെ ബാധിക്കും. അതുകൊണ്ടാണ് അമുലിനെതിരായ വ്യാജവാർത്തകൾക്ക് തടയിടാൻ നിയമനടപടി സ്വീകരിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് അമുലിന്റേതെന്നും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന അമുൽ നെയ്യ് പ്രീമിയം നിലവാരത്തിലുള്ളതാണെന്നും മെഹ്ത പറഞ്ഞു. തിരുപ്പതി ലഡ്ഡു വിഷയവുമായി ബന്ധപ്പെട്ട് അമുലിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഇന്നലെ തന്നെ കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.















