അപൂർവമായി മാത്രമാണ് ഐസ്‌ലൻഡിൽ ധ്രുവക്കരടി പ്രത്യക്ഷപ്പെടാറുള്ളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐസ്‌ലൻഡിലെ ഒരു കുഗ്രാമത്തിൽ ധ്രുവക്കരടിയെത്തി. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. പുതിയ നാടും സ്ഥലവും ആസ്വദിച്ച് നടന്ന അതിഥിക്ക് കിട്ടിയത് ബുള്ളറ്റുകൊണ്ടുള്ള സ്വീകരണമായിരുന്നു. കൃത്യമായി പറഞ്ഞാൽ എട്ട് വർഷത്തിന് ശേഷം ഐസ്‌ലൻഡിൽ പ്രത്യക്ഷപ്പെട്ട ധ്രുവക്കരടിയെ പൊലീസ് തന്നെ വെടിവച്ച് കൊന്നു. കാരണം വന്നുപെട്ട നാൾ മുതൽ വലിയ പ്രശ്നക്കാരനായിരുന്നു കരടിയെന്നാണ് അധികൃതരുടെ വാദം.
സെപ്റ്റംബർ 19ന് വടക്കുപടിഞ്ഞാറൻ ഐസ്‌ലൻഡിൽ വച്ച് അധികാരികളുടെ അനുമതിയോടെ അതിഥിയെ അവർ വെടിവച്ച് വീഴ്‌ത്തി. ഇഷ്ടമുണ്ടായിട്ടല്ല, പക്ഷെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് വെസ്റ്റ്ഫോർഡ്സ് പൊലീസ് ചീഫ് ഹെൽഗി ജെൻസൺ പ്രതികരിച്ചു.
2016ലാണ് ഈ കരടി ഐസ്‌ലൻഡിൽ വന്നെത്തിയത്. 19-ാം നൂറ്റാണ്ട് മുതലുള്ള കണക്കുകൾ പ്രകാരം മേഖലയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടത് 600 ധ്രുവക്കരടികൾ മാത്രമാണ്. ഒടുവിൽ വന്നവനാകട്ടെ ഒരു ഭീമനും. 200 കിലോയോളം തൂക്കമുണ്ടായിരുന്നു. കക്ഷി വന്നുപെട്ടതോടെ നിരവധി പ്രദേശവാസികൾക്ക് വീടും നാടും ഉപേക്ഷിച്ച് രക്ഷതേടി പോകേണ്ടി വന്നു. ധൈര്യം സംഭരിച്ച് താമസിക്കുന്നവർക്കാവട്ടെ ഇരിക്കപ്പൊറുതി കൊടുത്തതുമില്ല. ഒടുവിൽ പരിസ്ഥിതിപ്രവർത്തകരുടെ അടക്കം ഉപദേശങ്ങൾ തേടി ധ്രുവക്കരടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു പൊലീസ്. സംരക്ഷണ വിഭാഗത്തിൽ പെട്ട ജന്തുവാണെങ്കിലും മനുഷ്യന് ഭീഷണിയാണെങ്കിൽ കൊല്ലാമെന്നാണ് നിയമം.
ആർട്ടിക് ധ്രുവപ്രദേശങ്ങളാണ് ധ്രുവക്കരടികളുടെ ജന്മദേശം. കാനഡ, അലാസ്ക, റഷ്യ, ഗ്രീൻലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ ആർട്ടിക് മേഖലകളിൽ ഇവ കാണപ്പെടുന്നു. ഐസ്‌ലൻഡ് ഇവരുടെ നാടല്ല. എങ്കിൽപ്പോലും ഗ്രീൻലൻഡിൽ നിന്നൊഴുകി വരുന്ന മഞ്ഞുനദികൾക്കൊപ്പം എത്തിപ്പെടുന്നതാണ് പതിവ്.















