സ്റ്റൈൽ മന്നൻ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനും വർഷങ്ങൾക്ക് ശേഷം വേട്ടയാനിലൂടെ ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിഹാസ താരങ്ങൾ സിനിമയിൽ ഒരുമിച്ചെത്തുന്നത്. വേട്ടയാനിന്റെ പ്രമോഷനുകൾ പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
” അമിതാഭ് ജി സിനിമകൾ നിർമിക്കുന്ന കാലം! നിരവധി സാമ്പത്തിക പ്രശ്‌നങ്ങൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകന് പോലും ശമ്പളം നൽകാൻ പണം തികഞ്ഞിരുന്നില്ല. അമിതാഭ് ബച്ചന്റെ ജുഹു വീടും ലേലത്തിൽ വച്ചു. അന്ന് ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാൽ വെറും മൂന്ന് വർഷം കൊണ്ട് അദ്ദേഹം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചു.”- രജനികാന്ത് പറഞ്ഞു.
അമിതാഭ് ബച്ചൻ എല്ലാവർക്കും പ്രചോദനമാണ്. അദ്ദേഹത്തിന് 82 വയസുണ്ട്. എന്നാൽ ഒരു ദിവസം 10 മണിക്കൂറെങ്കിലും അമിതാഭ് ബച്ചൻ ജോലികൾ ചെയ്യുമെന്നും നിരവധി പോരാട്ടങ്ങളിലൂടെയാണ് ബോളിവുഡ് സിനിമാ രംഗത്ത് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതെന്നും രജനികാന്ത് വ്യക്തമാക്കി. വേട്ടയാനിൽ സത്യദേവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.















