കൊച്ചി: കവിയൂർ പൊന്നമ്മയ്‌ക്ക് വിട ചൊല്ലി കേരളം. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ആലുവയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ പെരിയാറിന്റെ തീരത്തെ ശ്രീപീഠത്തിലെത്തിയത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. ആറ് പതിറ്റാണ്ടായി നീണ്ട സിനിമ ജിവിതത്തിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അനുഗ്രഹീത കലാകാരിയായിരുന്നു കവിയൂർ പൊന്നമ്മ.
1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂർ പൊന്നമ്മ വേഷമിട്ടത്. 20-ാം വയസിൽ കുടുംബിനി എന്ന ചിത്രത്തിൽ സത്യൻ, മധു തുടങ്ങിയ നായക നടൻമാരുടെ അമ്മയായി വേഷമിട്ടതോടെ കവിയൂർ പൊന്നമ്മ വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ടു. പുതുതലമുറ നടൻമാരുടേതുൾപ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങളാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.