ന്യൂഡൽഹി: അമിതജോലി ഭാരത്താൽ മലയാളി മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ചാർട്ടേർഡ് അക്കൗണ്ടൻ്റായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൊഴിൽ രംഗത്തെ വിഷയങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. നാല് ആഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
ഏണസ്റ്റ് ആൻഡ് യംഗിൽ ജോലി ലഭിച്ച് നാല് മാസമായപ്പോഴാണ് 26-കാരി മരണത്തിന് കീഴടങ്ങിയത്. പൂനെയിലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പുറം ലോകം സംഭവമറിയുന്നത്.
അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞിരുന്നു.