സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ അംഗമായത് 80 ലക്ഷത്തിലേറെ പേർ. ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാർ, പ്രവാസികൾ അടക്കം മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. തൊഴിൽ നഷ്ടപ്പെട്ടാൽ നിശ്ചിത കാലാവധി വരെ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമുള്ളവർക്ക് പ്രതിമാസം അഞ്ച് ദിർഹം വെച്ച് വർഷത്തിൽ പരമാവധി 60 ദിർഹമാണ് പ്രീമിയം തുക. ഇവർക്ക് 10,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികൾക്ക് പ്രതിമാസ ഇൻഷുറൻസ് പ്രീമിയം 10 ദിർഹമാണ്. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ 20,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. നിലവിലെ ഇൻഷുറൻസ് സ്ക്രീം പുതുക്കുകയോ പുതുതായി അംഗത്വമെടുക്കുകയോ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ. പിഴ ഒഴിവാക്കുന്നതിനായി യോഗ്യരായ എല്ലാ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.







