ചെന്നൈ: ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിന് അരികെ ഇന്ത്യ. മൂന്നാം ദിനത്തിൽ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 9.4 ഓവറുകൾ ബാക്കി നിൽക്കെ വെളിച്ചക്കുറവ് മൂലം കളി നിർത്തേണ്ടി വന്നു. 515 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിൽ ബാറ്റേന്തിയ ബംഗ്ലാദേശ് കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്.
37.2 ഓവർ മാത്രമാണ് മൂന്നാം ദിനത്തിൽ ബംഗ്ലാദേശിന് ബാറ്റ് ചെയ്യാനായത്. 60 പന്തിൽ 51 റൺസെടുത്ത് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും 14 പന്തിൽ അഞ്ച് റൺസുമായി ഷാക്കിബ് അൽ ഹസനുമാണ് ക്രീസിൽ. ജയിക്കാൻ ബംഗ്ലാദേശിന് 357 റൺസ് നേടണം. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ രവിചന്ദ്രൻ അശ്വിനാണ് ബംഗ്ലാദേശിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ജസ്പ്രീത് ബൂമ്രയും ഒരു വിക്കറ്റ് വീഴ്‌ത്തി.
ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 176 പന്തിൽ നിന്ന് ശുഭ്മാൻ ഗിൽ പുറത്താകാതെ 119 റൺസ് നേടി. 128 പന്തിൽ നിന്നാണ് ഋഷഭ് പന്ത് 109 റൺസ് നേടിയത്. യശസ്വി ജയ്‌സ്വാൾ 10 റൺസിനും ക്യാപ്റ്റൻ രോഹിത് ശർമ്മ 5 റൺസിനും പുറത്തായി. 37 പന്തുകൾ നേരിട്ട കോലിക്ക് 17 റൺസെടുത്ത് പുറത്തുപോകേണ്ടി വന്നു. ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുമ്പോൾ ശുഭ്മാൻ ഗില്ലിനൊപ്പം 22 റൺസുമായി കെഎൽ രാഹുൽ ആയിരുന്നു ക്രീസിൽ.
ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 376 റൺസ് നേടിയിരുന്നു. ഇന്ത്യൻ പേസർമാർ ഫോമിലേക്ക് ഉയർന്നതോടെ ബംഗ്ലാദേശിന്റെ മറുപടി 149 റൺസിൽ അവസാനിക്കുകയും ചെയ്തിരുന്നു.















