ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന്റെ ഡെലവെയറിലെ വസതിയിൽ വച്ചാണ് ഇരുനേതാക്കളും ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ചർച്ചകൾ നടത്തിയത്. പ്രാദേശിക, ആഗോള വിഷയങ്ങൾ ഉഭയകക്ഷി യോഗത്തിൽ ചർച്ചയായതായി ഇരു നേതാക്കളും വ്യക്തമാക്കി.
ഡെലവെയറിലെ ഗ്രീൻവില്ലിൽ ബൈഡന്റെ വസതിയിൽ നൽകിയ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഈ കൂടിക്കാഴ്ചയിൽ നടത്തിയ ചർച്ചകളെല്ലാം ഫലപ്രദമായിരുന്നുവെന്നും, നിർണായക ചർച്ചകൾ നടത്താൻ അവസരം ലഭിച്ചതായും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ത്രിദിന സന്ദർശനത്തിനായി ഫിലാഡൽഫിയയിലെത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
ജോ ബൈഡൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ കൈപിടിച്ച് വീടിനുള്ളിലേക്ക് സ്വീകരിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. കൂടിക്കാഴ്ചയെ കുറിച്ചും, അതിന്റെ ചിത്രങ്ങളും ജോ ബൈഡനും സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നാണ് ബൈഡൻ കുറിച്ചത്. ഇപ്പോഴും അതിൽ മാറ്റങ്ങളില്ലെന്നും ബൈഡൻ പറയുന്നു.
I thank President Biden for hosting me at his residence in Greenville, Delaware. Our talks were extremely fruitful. We had the opportunity to discuss regional and global issues during the meeting. @JoeBiden pic.twitter.com/WzWW3fudTn
— Narendra Modi (@narendramodi) September 21, 2024
ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലയിലാണ് ഇപ്പോൾ ഉള്ളതെന്നും ബൈഡൻ പറയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്ര എന്നിവരും യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ജോ ബൈഡന് പുറമെ ക്വാഡ് സഖ്യത്തിലെ മറ്റ് നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തും.















