വാഷിംഗ്ടൺ ഡിസി: പ്രതിരോധ മേഖലയിൽ കരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യയും അമേരിക്കയും. ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതോടെ ഡ്രോൺ ഇടപാടുകളുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ- യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിരവധി വിഷയങ്ങളും ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി.
അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഏകദേശം 3 ബില്യൺ ഡോളർ ചെലവഴിച്ചാണ് ഇന്ത്യ ഡ്രോണുകൾ സ്വന്തമാക്കുന്നത്. ചൈനയുമായുള്ള അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കുക, നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നത്.
ഒരു വർഷത്തിലധികമായി ഈ കരാറിനായി ചർച്ചകൾ നടന്നുവരികയാണ്. കഴിഞ്ഞ വർഷം, യുഎസിൽ നിന്നും എയർ-ടു -സർഫേസ് മിസൈലുകളും, ലേസർ -ഗൈഡ് ബോംബുകളുമുള്ള MQ-9B സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ സായുധ ഡ്രോണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.
എല്ലാ തരം കാലാവസ്ഥയിലൂടെയും 40 മണിക്കൂറിലധികം ഉയരത്തിൽ പറക്കാനും രഹസ്യാന്വേഷണം നടത്താൻ കഴിവുള്ളതുമായ ഡ്രോണുകളാണ് MQ- 9B സ്‌കൈ ഗാർഡിയൻ, ആൻഡ് സീ ഗാർഡിയൻ ഡ്രോണുകൾ.