എറണാകുളം: കൊച്ചിയിൽ പെൺവാണിഭ സംഘത്തിന്റെ വലയിൽപ്പെട്ട് കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 20കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
യുവതിയെ പീഡനത്തിന് ഇരയാക്കിയ പെൺവാണിഭ സംഘം കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ജഗദ, സെറീന എന്ന രണ്ട് സ്ത്രീകളായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ഇവർക്കൊപ്പം ശ്യാം എന്നയാളും പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ തടവിൽ പാർപ്പിച്ചിരുന്ന യുവതിയെ പൊലീസുകാർ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.
മാതാപിതാക്കൾ നഷ്ടപ്പെട്ട യുവതി 12 വയസു മുതൽ ബെംഗളൂരുവിൽ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞയാഴ്ച യുവതിയെ കൊച്ചിയിലെ പെൺവാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. ഒരാഴ്ചയ്‌ക്കിടെ 20ലധികം ആളുകൾ യുവതിയെ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.















