തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുടെ ഇടപെടലിൽ ആദിത്യക്ക് ആധാർ കാർഡ് ലഭിച്ചു. ബിരുദപഠനം മുടങ്ങുമെന്ന ആശങ്കയ്ക്കാണ് വിരാമമായത്. നിറമൺകര വനിതാ എൻഎസ്എസ് കോളജിൽ ആദിത്യ ആർ ഷിബുവിന് സീറ്റ് ഉറപ്പായെങ്കിലും അപ്ഡേറ്റ് ചെയ്ത വിവരങ്ങളിൽ ആധാർ കാർഡിലെ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്തതിനെ തുടർന്ന് പ്രവേശനം നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. പിന്നാലെ പഠനം പാതിവഴിയിൽ മുടങ്ങുമെന്ന ശങ്കയിലായി ആദിത്യയും കുടംബവും.
കഴിഞ്ഞ പത്ത് മാസത്തോളമായി ആധാർ വിവരങ്ങൾ പുതുക്കുന്നതിനായി പല തവണ ആദിത്യയും കുടുംബവും ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചത്. തുടർന്ന് അദ്ദേഹം ആധാർ അധികൃതരുമായി ബന്ധപ്പെട്ട് വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ പുതുക്കിയ ആധാർ കാർഡ് ലഭ്യമാക്കുകയായിരുന്നു. പിന്നാലെ ബിരുദപഠനത്തിന് പ്രവേശനം ലഭ്യമായി.