മലയാളത്തിന്റെ സ്വന്തം മസിലളിയനായ ഉണ്ണിമുകുന്ദന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ ആരാധകർക്കായി കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബിയുടെ അണിയറപ്രവർത്തകർ. സിനിമയുടെ പുത്തൻ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചു.
കൈകുഞ്ഞുമായി ആശുപത്രി വേഷത്തിൽ നിൽക്കുന്ന ഉണ്ണിമുകുന്ദനാണ് പോസ്റ്ററിലുള്ളത്. കുഞ്ഞിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ പോസ്റ്റർ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. ഐവിഎഫ് സ്‌പെഷ്യലിസ്റ്റായ ഡോക്ടറായാണ് ഉണ്ണി സിനിമയിൽ എത്തുന്നത്. ഡോക്ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ കണ്ടെത്തുന്ന വഴികളും രസകരമായി അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. നിഖില വിമലാണ് ചിത്രത്തിലെ നായിക.
വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമ സ്‌കന്ദ സിനിമാസും കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്നു. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.















