കാൺപൂർ: വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഇത്തവണ ഗ്യാസ് സിലിണ്ടറാണ് ട്രാക്കിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം.
ഡൽഹി-ഹൗറ റെയിൽ പാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സംഭവത്തിൽ ആർപിഎഫും പൊലീസും അന്വേഷണം ആരംഭിച്ചു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തമാണ് ഒഴിവാക്കിയത്. പാളത്തിൽ സിലിണ്ടർ കണ്ടതോടെ എമർജൻസി ബ്രേക്കിട്ട് ഗുഡ്സ് ട്രെയിൻ നിർത്തി. പിന്നാലെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗ്യാസ് തീർന്ന സിലിണ്ടറാണെന്ന് കണ്ടെത്തി.
ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടർക്കഥയാവുകയാണ്. ഈ മാസാദ്യം പ്രയാഗ്‌രാജ്- ഭിവാനി കാളിന്ദി എക്‌സ്‌പ്രസ് ട്രാക്കിൽ കിടന്നിരുന്ന ഗ്യാസ് സിലിണ്ടർ ഇടിച്ച് തെറുപ്പിച്ചിരുന്നു. ട്രെയിൻ പാളം തെറ്റിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നാണ് അനുമാനം. കഴിഞ്ഞ മാസം രാജസ്ഥാനിൽ റെയിൽവേ ട്രാക്കിൽ നിന്ന് 70 കിലോ ഭാരം വരുന്ന സിമൻ്റ് കട്ടയും കണ്ടെത്തിയിരുന്നു.















