ഷിരൂർ: ഷിരൂരിലെ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വർ മാൽപേ. ജില്ലാ ഭരണകൂടവും പൊലീസും തെരച്ചിലിന് സഹകരിക്കുന്നില്ലെന്ന് മാൽപേ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും മുങ്ങൽ വിദഗ്ധനായ മാൽപേ ആരോപിച്ചു.
പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുവദിക്കാത്തതിനാലാണ് മടങ്ങുന്നതെന്ന് മാൽപേ വ്യക്തമാക്കി. ഇനി തിരിച്ചു വരുന്നില്ല. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഈശ്വർ മാൽപേ പറഞ്ഞു. തെരച്ചിലിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതാകാം ഉദ്യോഗസ്ഥരെ പ്രകോപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടക്കുന്ന തെരച്ചിലിൽ ഇതുവരെ അർജുന്റെ ലോറി കണ്ടെത്താനായിട്ടില്ല. ഈശ്വർ മാൽപേയും ഉഡുപ്പിയിലേക്ക് മടങ്ങുന്നതോടെ ഷിരൂരിലെ തെരച്ചിലിൽ പ്രതീക്ഷകൾ മങ്ങുകയാണ്. അതേസമയം മാൽപേയെ ബോധപൂർവം ഒഴിവാക്കുന്നതാണെന്ന് ലോറി ഉടമ മനാഫ് ആരോപിച്ചു.















