തൃശൂർ: പി.വി അൻവർ പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇടതുപക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടാണ് അൻവർ എടുത്തതെന്ന് എ. വിജയരാഘവൻ പറഞ്ഞു. അൻവറിന്റെ പ്രസ്താവന ശത്രുക്കൾക്ക് ആഹ്ളാദിക്കാൻ വകയുണ്ടാക്കിയെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സാമൂഹിക വിഷയങ്ങളിലടക്കം പ്രതികരിച്ചിരുന്നു. പി.വി അൻവർ ഉയർത്തിയ വിഷയങ്ങൾ ഗൗരവത്തോടെ എടുക്കുകയും നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. പൊതുസമൂഹത്തിൽ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചതോടെ വ്യക്തത വന്നു. വ്യവസ്ഥാപിത നിലപാടോടെ പാർട്ടി നടപടിയെടുത്തു. അതിന് ശേഷവും അൻവർ പ്രതികരണവുമായി മുന്നോട്ടുവരികയാണ് ചെയ്തത്. ഇത് ശരിയായ നിലപാടല്ല.
സർക്കാരിനെതിരെ സ്ഥാപിത താത്പര്യങ്ങൾ ഉള്ളവർക്ക് സഹായകരമായ നടപടിയാണ് അൻവറിന്റെ പ്രതികരണം. സർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രതികരണങ്ങൾ അൻവർ നടത്താൻ പാടില്ല. വിവിധ മേഖലയിലുള്ളവരെ ഇടതുപക്ഷത്തോട് അടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സർക്കാരിനെ കുറിച്ച് തെറ്റായ ധാരണ സമൂഹത്തിൽ വരുമ്പോൾ ചില സംശയങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാകും. അൻവറിന്റെ ഇത്തരം തുടർച്ചയായ പരസ്യ പ്രസ്താവനകൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുകയെന്നും എ വിജയരാഘവൻ പറഞ്ഞു.