ബെംഗളൂരു: അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ വിവാദമാകുന്നു. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തിൽ കുട്ടികൾ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്. ആദ്യം അത്തപ്പൂക്കളത്തിൽ കയറിനിൽക്കുകയും പിന്നീട് ചവിട്ടിമെതിച്ച് അലങ്കോലമാക്കുകയുമായിരുന്നു. ഫ്ലാറ്റിലെ മറ്റ് മലയാളികൾ വിലക്കിയെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തിൽ ചവിട്ടി നിന്നിരുന്ന ഇവരോട് പിന്മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇവർ കൂടുതൽ അനാദരവ് കാണിച്ചത്.
പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്ലാറ്റിലെ നിയമങ്ങൾ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റുള്ളവർ തടയാൻ ശ്രമിച്ചപ്പോൾ ഭരണഘടനയെക്കുറിച്ചാണ് അവർ പരാമർശിച്ചത്. ഫ്ലാറ്റിലെ പൊതുവായ സ്ഥലത്ത് പൂക്കളം ഇട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. യുവതിക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നാണ് വിമർശകർ പറയുന്നത്.