ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവസ്തുവാണ് അരി. ഭൂരിഭാഗം മലയാളികളും ദിവസവും രണ്ടുനേരം അരിയാഹാരം കഴിക്കുന്നരുമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലെയും അടുക്കളയിൽ അരി കാണുമെന്നത് തീർച്ച. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും വിലകൂടിയ അരിയെക്കുറിച്ച് പരിചയപ്പെടാം..
ഏറ്റവും വിലയേറിയ അരിയാണ് കിൻമേമൈ (Kinmemai). ജപ്പാനാണ് ജന്മദേശം. പ്രീമിയം അരിയായതിനാൽ കിലോയ്‌ക്ക് സ്വർണത്തേക്കാൾ വില നൽകണം. അതായത് 12,000 മുതൽ 20,000 വരെയാണ് കിൻമേമൈ അരിയുടെ വില.
പോഷകങ്ങളാൽ സമ്പന്നമാണ് ഈ അരി. അതുകൊണ്ടാണ് പൊന്നുംവില കൊടുക്കേണ്ടി വരുന്നത്. ലോകത്ത് മറ്റൊരു അരിക്കും നൽകാൻ കഴിയാത്ത അത്രയും പോഷകങ്ങൾ ഇതിലുണ്ടെന്ന് ഉത്പാദകർ അവകാശപ്പെടുന്നു. അരിയുടെ രുചിയും വേറിട്ടതാണ്.
തീവില ആയതുകൊണ്ട് തന്നെ മിഡിൽ-ക്ലാസ് കുടുംബങ്ങൾക്ക് പോലും ഈ അരി താങ്ങില്ല. അതിനാൽ ഏറ്റവും സവിശേഷമായ സാഹചര്യങ്ങളിൽ, മാത്രം ഇവ വാങ്ങിക്കുന്നതാണ് മധ്യവർഗക്കാരുടെ പതിവ്.
പൊള്ളുന്ന വിലയാണെങ്കിലും വിവിധ ഏഷ്യൻ രാജ്യങ്ങളിൽ കിൻമേമൈക്ക് ആവശ്യക്കാരേറെയാണ്. പ്രീമിയം അരിയായതിനാൽ ഇവ കഴുകേണ്ടതില്ല. സാധാരണ 3-4 വട്ടം കഴുകിയാണ് അരി പാകം ചെയ്യാൻ എടുക്കുന്നതെങ്കിലും ഈ അരി വേവിക്കുന്നതിന് മുൻപ് വെള്ളം തൊടീക്കുക പോലും വേണ്ട.
നോർമൽ റൈസ് വിഭാഗത്തിലുള്ള അരിയേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വിറ്റബിൻ ബി1 ഇതിലുണ്ട്. ഇത് മാനസിക സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ജപ്പാനിലെ വകയാമയിലുള്ള ടോയോ റൈസ് കോർപ്പറേഷൻ ആണ് കിൻമേമൈയുടെ ഉത്പാദകർ.