മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. രാജ്യത്ത് 2022ലുണ്ടായ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ദ്വീപ് രാജ്യത്ത് നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
ബാലറ്റ് തെരഞ്ഞെടുപ്പിൽ ആദ്യ തവണ വോട്ടെണ്ണിയപ്പോൾ ഒരു സ്ഥാനാർത്ഥിയും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ടുകൾ നേടിയിരുന്നില്ല. തുടർന്ന് രണ്ടാം മുൻഗണനാ വോട്ടെണ്ണലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
ശ്രീലങ്കയുടെ 10-ാമത് പ്രസിഡന്റാകും ദിസനായകെ. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാമതായി. 42.31 ശതമാനം വോട്ടാണ് അനുര കുമാര ദിസ്സനായകെ നേടിയത്. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കും.
55-കാരനായ ദിസനായകെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (JVP) നേതാവാണ്. 2019ൽ മൂന്ന് ശതമാനം വോട്ട് മാത്രം നേടിയ പാർട്ടിയായിരുന്നു ജെവിപി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യം കടന്നുപോകേണ്ടി വന്ന രാഷ്‌ട്രീയ-സാമൂഹ്യ പ്രശ്നങ്ങളാണ് JVPക്ക് വോട്ടാക്കി മാറ്റാൻ കഴിഞ്ഞതെന്നാണ് വിലയിരുത്തൽ.