ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ട്രസ്റ്റ് മുൻ ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡിയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ റെഡ്ഡിയും കഴിഞ്ഞ അഞ്ച് വർഷമായി ക്ഷേത്രഭരണത്തിൽ നിരവധി ക്രമക്കേടുകൾ നടത്തിയതായി ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി നേരത്തെ ആരോപിച്ചിരുന്നു.
വൈഎസ്ആർ കോൺഗ്രസിന്റെ ഭരണകാലത്ത് തിരുമലയിൽ പവിത്രമല്ലാത്ത പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി നിലവിലെ സംവിധാനം ശുദ്ധീകരിക്കുമെന്നും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി തനിക്ക് അടുപ്പമുള്ളവരെ TTD ബോർഡ് അംഗങ്ങളായി നിയമിക്കുകയും അത് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
ജഗൻമോഹൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് സർക്കാർ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു. ഇതിനുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.















