ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭഗവാന്റെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് അടങ്ങിയിരുന്ന എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് ആത്മീയ ഗുരുവും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ്. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പിന്റെയും മീൻ എണ്ണയുടേയും സാന്നിധ്യം കണ്ടെത്തിയ വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭക്തിയില്ലാത്ത ഇടത്ത് പവിത്ര ഉണ്ടാകില്ലെന്നും, ക്ഷേത്രങ്ങൾ നിയന്ത്രിക്കേണ്ടത് സർക്കാരോ ഭരണകൂടമോ അല്ല, ഭക്തരാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിമർശനം. ” ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദത്തിലൂടെ ഭക്തർ മാംസം കഴിക്കുന്നു എന്നത് അറപ്പ് ഉണ്ടാക്കുന്ന കാര്യമാണ്. ക്ഷേത്രങ്ങൾ നടത്തേണ്ടത് ഭക്തരാണ്. അല്ലാതെ സർക്കാരോ ഭരണകൂടമോ അല്ല, ഭക്തി ഇല്ലാത്ത ഇടത്ത് പവിത്ര ഉണ്ടാകില്ല. ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ ഭരിക്കേണ്ടുന്ന ഇടമല്ല, മറിച്ച് ഭക്തരായ ഹിന്ദുക്കളാണ് അവിടുത്തെ നടത്തിപ്പുകൾ നോക്കേണ്ടതെന്നും” ജഗ്ഗി വാസുദേവ് പറയുന്നു.
മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനും ഈ വിഷയത്തിൽ ആശങ്ക അറിയിച്ചിരുന്നു. സനാതന ധർമ്മത്തെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്നാണ് അദ്ദേഹം ഇതിനെ വിളിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ചാണ് തിരുപ്പതി ലഡ്ഡു തയ്യാറാക്കിയിരുന്നതെന്നും, ഭക്തരുടെ വിശ്വാസത്തെ കളങ്കപ്പെടുത്തിക്കൊണ്ട് ക്ഷേത്രപ്രസാദത്തെ പോലും അവർ ദുരുപയോഗം ചെയ്തുവെന്നുമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ശുദ്ധമായ നെയ്യ് ഉപയോഗിച്ചാണ് പ്രസാദം നിർമ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.















