തിരുവനന്തപുരം: ശിൽപചാരുതയുടെ അത്ഭുതവും നിർമാണത്തിലെ ശാസ്ത്രീയതയും പത്മനാഭ സ്വാമിക്ഷേത്രത്തിലെത്തുന്ന ആരെയും വിസ്മയിപ്പിക്കും. അങ്ങനെയൊരു മഹാവിസ്മയത്തിനാണ് ഇന്ന് വിഷുവദിനത്തിൽ സാക്ഷ്യം വഹിക്കുന്നത്.
ഇന്ന് രാവിലെ 6.15 -ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ചു അവ ഗർഭ ഗൃഹം വരെ എത്തി ചേരും. വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും. ആ സൂര്യൻ ആദ്യത്തെ കവാടത്തിൽ പ്രവേശിച്ച് കവാടം വഴി ഇറങ്ങുന്നതും കാണാം.
വർഷത്തിൽ രണ്ട് തവണ മാത്രം ദൃശ്യമാകുന്ന അപൂർവതയാണിത്. ക്ഷേത്രഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയുടെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധത്തിൽ ദ്വാരങ്ങളുണ്ട്. എല്ലാ വർഷവും മാർച്ച് 21-നും സെപ്റ്റംബർ 23-നും ഈ ദ്വാരങ്ങളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തേക്ക് പതിക്കും. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്.
വിഷുവ ദിനത്തിൽ അസ്തമയസൂര്യൻ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തിൽ പ്രവേശിക്കും.തുടർന്ന്
രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും. അസ്തമയസൂര്യൻ മൂന്നാമത്തെ ഗോപുരവാതിലിൽ പ്രവേശിക്കുമ്പോഴാണ് കണ്ണിനു കുളിർമയേകുന്ന ദൃശ്യം കാണാനാവുക. തുടർന്ന് നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളിൽ പ്രവേശിച്ച് അപ്രത്യക്ഷമാകും. ക്ഷേത്രത്തിന്റെ ഗോപുരവാതിൽ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിർമ്മിച്ചിരിക്കുന്നതിനാലാണ് അത്യപൂർവ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്.
സൂര്യന്റെ ദക്ഷിണവർത്തങ്ങളുടെ ഭ്രമണമാറ്റത്തിന് അനുസൃതമായാണ് ഗോപുരം നിർമിച്ചിട്ടുള്ളത്. ദക്ഷിണായനകാലത്ത് സെപ്റ്റംബറിലും ഉത്തരായന കാലത്ത് മാർച്ചിലും ഇത് ദൃശ്യമാകും. ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പൂർവരൂപമായ തിരുവട്ടാർ ആദികേശവ ക്ഷേത്രവും ഇത്തരത്തിലാണ് നിർമിച്ചിട്ടുള്ളത്.















