ന്യൂഡൽഹി: പവിത്രമായി കാണുന്ന തിരുപ്പതി ലഡ്ഡു നിർമിക്കാനായി ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ അതീവ ഗുരുതരമെന്ന് വിശ്വഹിന്ദു പരിഷത്ത്. പൊറുക്കാനാവാത്ത കുറ്റമാണിതെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
ആരാധനാലയങ്ങളിൽ നടന്നത് മഹാപാതകവും പൊറുക്കാനാവാത്ത ഗൂഢാലോചനയുമാണ്. ഇതിലും വലിയൊരു കുറ്റകൃത്യം ലോകത്തുണ്ടാവില്ല. ഭക്തരുടെ മതവികാരമാണ് വ്രണപ്പെട്ടത്. അവരുടെ വിശ്വസത്തെയാണ് കളങ്കപ്പെടുത്തിയത്. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ വിശുദ്ധി സംരക്ഷിക്കപ്പെടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
തിരുപ്പതി ലഡ്ഡുവിൽ മായം കലർന്നിട്ടുന്ന കണ്ടെത്തലിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ആന്ധ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി തനിക്ക് അടുപ്പമുള്ളവരെ TTD ബോർഡ് അംഗങ്ങളായി നിയമിക്കുകയും അത് രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.