തിരുവനന്തപുരം: പി. വി അൻവർ എംഎൽഎയ്‌ക്ക് എതിരെയുള്ള പ്രസ്താവന സിപിഎം തിരുത്തിയത് നിരവധി തവണ. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വെട്ടലും തിരുത്തലും നടന്നത്. സിപിഎം സ്വതന്ത്രനായ എംഎൽഎയോട് കൽപ്പിച്ചാൽ മതിയോ അതോ അഭ്യർത്ഥിക്കണോ എന്നായിരുന്നു കൺഫ്യൂഷൻ.
ഉച്ചയ്‌ക്ക് 12.58 ന് പങ്കുവെച്ച പോസ്റ്റിൽ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും ‘പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് എഴുതിയിരുന്നത് . 1.57ന് അഭ്യർത്ഥന വെട്ടി വെറും ‘പിന്തിരിയണം’ എന്നാക്കി. 2.50 ന് വീണ്ടും അഭ്യർത്ഥന കൂട്ടിച്ചേർക്കുകയും ചെയ്തു.
പാർട്ടി നൽകിയ കൽപ്പന ശിരസാൽ വഹിച്ചാണോ അതോ അഭ്യർത്ഥന മാനിച്ചാണോ എന്നറിയില്ല, രാത്രിയോടെ ഇനി താത്കാലികമായി പരസ്യ പ്രസ്താവന നിർത്തിവെച്ചന്ന അറിയിപ്പുമായി അൻവറും എത്തി. സിപിഎമ്മിൽ ശീലമില്ലാത്ത അഭ്യർത്ഥന പാർട്ടി അണികളിലും രാഷ്‌ട്രീയ നിരീക്ഷകരിലും വലിയ ചർച്ചയായി.
കേഡർ പാർട്ടി എന്ന നിലയിൽ സിപിഎമ്മിന് എംഎൽഎമാരോടായാലും അണികളോടായാലും അഭ്യർത്ഥന പതിവുള്ളതല്ല. സാധാരണ മുകളിൽ നിന്നുള്ള ഒരു തീരുമാനം അതെ താഴേത്തട്ട് വരെ അനുസരിക്കുകയാണ് പതിവ്. എന്നാൽ അൻവറിന്റെ കാര്യത്തിൽ എത്തുമ്പോഴുള്ള വെട്ടലും തിരുത്തലിനും പിന്നിലെന്തെന്ന് കണ്ടറിയേണ്ടിവരും. ഒരു കാലത്ത് തോളിലേറ്റി നടന്ന അൻവറിനെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നതും കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. പാർട്ടിയിലും സർക്കാരിലും പലതും ചീഞ്ഞുനാറുന്നുണ്ടെന്നും എന്നാൽ കാലുപിടിച്ചും തത്കാലം നാറ്റം മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പറയേണ്ടിവരും.















