വെള്ളനാട് ശശി പട്ടാപ്പകൽ സ്ത്രീകളെയും കുട്ടിയേയും മർദ്ദിച്ച സംഭവത്തിൽ നീതി വേണമെന്ന് പരാതിക്കാരി ഗീത. ശശിക്കെതിരെ ചുമത്തിയത് നിസാരവകുപ്പുകളെന്നും ഭയം കൂടാതെ കട നടത്താൻ സൗകര്യം വേണമെന്നും ഗീത ആവശ്യപ്പെട്ടു. ദേശീയ പട്ടികജാതി കമ്മീഷനും ബാലാവകാശകമ്മീഷനും മനുഷ്യാവകാശകമ്മീഷനും കുടുംബം പരാതി നൽകി.
കഴിഞ്ഞ 20-നാണ് വെള്ളനാട് വില്ലേജ് ഓഫീസിന് സമീപത്തെ തട്ടുകടയിലെത്തി വെള്ളനാട് ശശി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം നടത്തിയത്. തുടർന്ന് പേൊലീസ് കേസെടുത്തെങ്കിലും നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഈ സാഹചര്യത്തിലാണ് നീതിതേടി കുടുംബം രംഗത്തെത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശകമ്മീഷനും മനുഷ്യാവകാശകമ്മീഷനും ഡിജിപിക്കും കുടുംബം പരാതി നൽകി. നിരവധി തവണ ശശി തങ്ങളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സംഭവത്തിന് ശേഷവും ഭീഷണി ഉണ്ട്. പേടി കൂടാതെ കട നടത്താൻ സാഹചര്യം ഉണ്ടാകണമെന്നും പരാതിക്കാരി ഗീത പറഞ്ഞു.
പാർട്ടി സംരക്ഷണമാണ് വെള്ളനാട് ശശിക്ക് ലഭിക്കുന്നതെന്നും സംഭവത്തിൽ ഗീതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ബിജെപി നേതാവ് മുളയറ രതീഷ് പറഞ്ഞു. സംഭവത്തിൽ വെള്ളനാട് ശശിയെ സിപിഎം സംരക്ഷിക്കുന്നതിൽ പാർട്ടിക്കിടയിലും ഭിന്നത രൂക്ഷമാണ്.















