തൃശൂർ: പൊതുപരിപാടിക്കിടെ അവതാരകനെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരഹിത-ഭവന രഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ് മുഖ്യമന്ത്രിയെ കുപിതമാക്കിയത്.
നല്ലൊരു കൈയ്യടിയോടു കൂടി ഈ മഹനീയ കർമ്മം…. എന്ന് അവതാരകൻ പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി രൂക്ഷമായി നോക്കുന്നതും ശകാരിക്കുന്നതും പരിപാടിയുടെ വീഡിയോയിൽ കാണാം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, റവന്യൂമന്ത്രി കെ.രാജൻ എന്നിവരും സമീപത്ത് നിൽപ്പുണ്ടായിരുന്നു.
മുഖ്യമന്ത്രി അവതാരകനെ പരസ്യമായി ക്ഷോഭിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. ഇതിന് മുമ്പും നിരവധി തവണ ഇത്തരത്തിലുള്ള രൂക്ഷമായ പെരുമാറ്റം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതിന് പിന്നാലെ ‘നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദി’ എന്ന് പറഞ്ഞ അവതാരകയോട് ‘അമ്മാതിരി കമന്റൊന്നും വേണ്ടാ, നിങ്ങൾ ആളെ വിളിക്കാനാണ് നിന്നതെങ്കിൽ ആളെ വിളിച്ചാ മതി’- എന്ന് പറഞ്ഞ് മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു.