ലഖ്‌നൗ: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന വിവാദത്തെ തുടർന്ന് ലഖ്‌നൗവിലെ മൻ കാമേശ്വർ ക്ഷേത്രത്തിൽ വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ നേദ്യമായി നൽകുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് മൻ കാമേശ്വർ ക്ഷേത്രം ഭക്തർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേക്ക് നേദ്യമായി സമർപ്പിക്കുന്നതിനായി ഭക്തർ ഭവനങ്ങളിൽ ഉണ്ടാക്കുന്ന വസ്തുക്കളോ ഉണങ്ങിയ പഴങ്ങളോ മാത്രം കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ച് മഹന്ത് ദിവ്യഗിരി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.
ദേവന് സമർപ്പിക്കുന്ന വഴിപാടുകളിൽ ശുദ്ധതയും പവിത്രതയും ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. “ഇനി മുതൽ, ഭക്തരുടെ വീടുകളിൽ ഉണ്ടാക്കുന്ന പ്രസാദമോ ഡ്രൈ ഫ്രൂട്ട്സോ മാത്രമേ ക്ഷേത്രത്തിൽ നിവേദ്യമായി സ്വീകരിക്കുകയുള്ളൂ. വിപണിയിൽ നിന്ന് വാങ്ങുന്ന മധുരപലഹാരങ്ങളും മറ്റ് സംസ്കരിച്ച വസ്തുക്കളും ഇനി അനുവദനീയമല്ല,” വിജ്ഞാപനത്തിൽ പറയുന്നു.
നിറഞ്ഞ സ്‌നേഹത്തോടും ഭക്തിയോടും കൂടി പ്രസാദം തയ്യാറാക്കാൻ ഭക്തജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ ആത്മീയാനുഭവം വർധിപ്പിക്കുകയെന്നതാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര ഭരണസമിതി ഊന്നിപ്പറഞ്ഞു.















